ഗുരുവായൂർ: ക്ഷേത്രദർശനം നടത്താനെത്തിയ മുൻകേന്ദ്രമന്ത്രിയും ബിജെപി ദേശീയനേതാവുമായ വി. മുരളീധരനെ ക്ഷേത്രം അധികൃതർ പരിഗണനൽകി കടത്തിവിട്ടില്ല. പിന്നീട് അഡ്മിനിസ്ട്രേറ്ററുടെ അനുമതിയോടെ ദർശനം അനുവദിച്ചു.
ഇന്നലെ രാവിലെ 6.10 ഓടെയാണ് വി. മുരളീധരനുൾപ്പെടെ അഞ്ചുപേർ ദർശനത്തിനെത്തിയത്. സമയം ആറുകഴിഞ്ഞതിനാൽ കൊടിമരംവഴി കടത്തിവിടേണ്ടതില്ലെന്ന് ക്ഷേത്രം മാനേജർ സെക്യൂരിറ്റിക്കാരോട് നിർദേശിച്ചു. ഇതോടെ മുരളീധരനേയും കൂടെയുള്ളവരേയും കടത്തിവിട്ടില്ല. മുരളീധരന്റെ സുഹൃത്തും ഗുരുവായൂരിലെ പൊതുപ്രവർത്തകനുമായ ഇഴുവപ്പാടി ശ്രീകുമാർ ക്ഷേത്രം ഗോപുരത്തിലെത്തി മാനേജരുമായി സംസാരിച്ചു.
നിയന്ത്രിത അവധിയാണെന്നും രാവിലെ ആറുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ വിഐപി ദർശനം അനുവദിക്കാനാകില്ലെന്നും മാനേജർ അറിയിച്ചു. എന്നാൽ പ്രവൃത്തിദിവസമായ ഇന്ന് നിയന്ത്രിത അവധി ആകുന്നതെങ്ങനെയെന്നായി. ഇക്കാര്യം ഭക്തരെ മുൻകൂട്ടി അറിയിക്കേണ്ടതല്ലേയെന്നും ചോദ്യമായി. ചെറിയ തർക്കത്തിനൊടുവിൽ മാനേജർ അഡ്മിനിസ്ട്രേറ്ററെ വിവരം അറിയിച്ചു. തുടർന്ന് വി. മുരളീധരനെയും മൂന്നുപേരെയും കടത്തിവിട്ടു.
മറ്റ് രണ്ടുപേർ നെയ് വിളക്ക് ശീട്ടാക്കിയും ദർശനം നടത്തി. ഉഷഃപൂജസമയത്ത് എത്തിയ വി. മുരളീധരൻ ശീവേലിക്കു ശേഷമാണ് ദർശനംകഴിഞ്ഞ് മടങ്ങിയത്. പൊതുഅവധി ദിവസങ്ങൾ അടുപ്പിച്ചുവരുന്നതിനാൽ വലിയ തിരക്ക് പരിഗണിച്ച് വരിയിൽ നിൽക്കുന്നവർക്കു ദർശനം വേഗത്തിലാക്കാൻ പ്രവൃത്തി ദിനമായ തിങ്കളാഴ്ചയും വിഐപി ദർശനം അനുവദിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
എന്നാൽ ഇക്കാര്യം നേരത്തേ അറിഞ്ഞിരുന്നെങ്കിൽ അതനുസരിച്ചുമാത്രമേ ദർശനം നടത്താൻ എത്തുമായിരുന്നുള്ളൂ എന്നാണ് വി. മുരളീധരന്റെ ഒപ്പമുള്ളവർ പറഞ്ഞത്.